സംഘപരിവാര്‍ സി.പി.എമ്മിനെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്ന് വി.ഡി. സതീശന്‍

കല്‍പ്പറ്റ: സി.പി.എം കേരള ഘടകം ‘ഇന്ത്യ’ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ദേശീയ നേതൃത്വം ‘ഇന്ത്യ’ മുന്നണി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ വിടാതിരുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യവും സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധതയും കേരളത്തില്‍ ഒന്നിച്ചുചേരുന്നതാണ് കാണാന്‍ കഴിയുന്നത്. ബി.ജെ.പി-സി.പി.എം ധാരണയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ സി.പി.എമ്മിനെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. ലാവ്‌ലിന്‍ കേസ് 37 തവണയാണ് സുപ്രീം കോടതിയില്‍ മാറ്റിവച്ചത്. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി-സി.പി.എം ധാരണയുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാര്‍ഷികമേഖല തകര്‍ന്നുതരിപ്പണമായി. നെല്ല് സംഭരിച്ചതിന്റെ പണം നല്‍കിയിട്ടില്ല. സംസ്ഥാനത്തുടനീളം ജപ്തി നോട്ടീസ് പ്രവഹിക്കുന്ന സാഹചര്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പണം കൊടുക്കുന്നില്ല. പ്രധാനാധ്യാപകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള അനുകൂല്യം ഏകദേശം 40,000 കോടി രൂപ വരും. ഇതിനിടെയാണ് സര്‍ക്കാരിന്റെ ആര്‍ഭാടം. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *